Blog entry by Admin User

Anyone in the world

 

 

എല്ലാ ഇന്ത്യൻ ഭാഷകളിലും സാങ്കേതിക പദാവലി ആവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ 1960 ഏപ്രിൽ 27 ലെ രാഷ്ട്രപതി ഉത്തരവ് അനുസരിച്ച് 1961 ഒക്ടോബർ 01 ന് ശാസ്ത്ര-സാങ്കേതിക പദാവലി കമ്മീഷൻ ആരംഭിച്ചു. ഇതുസംബന്ധിച്ച ഒരു സമിതിയുടെ ശുപാർശകളുടെ തുടർനടപടിയായി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 344 ലെ 44 ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ സ്ഥാപിതമായത്. സ്റ്റാൻഡേർഡ് പദാവലി ആവിഷ്കരിക്കുക, അതിന്റെ ഉപയോഗം പ്രചരിപ്പിക്കുക, വ്യാപകമായി വിതരണം ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പ്രധാന പ്രവർത്തനം. ഹിന്ദിയിലും  ഇന്ത്യൻ ഭാഷകളിലും ശാസ്ത്ര-സാങ്കേതിക പദങ്ങളുടെയും റഫറൻസ് മെറ്റീരിയലുകളുടെയും രൂപീകരണസംരംഭത്തിൽ, കമ്മീഷന് സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, പ്രാദേശിക പാഠപുസ്തക ബോർഡുകൾ, സംസ്ഥാന ഗ്രാന്റ് അക്കാദമികൾ എന്നിവയുമായുള്ള ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ട്. ആസ്ഥാനം ന്യൂഡൽഹിയിലാണ്.

കമ്മീഷന്റെ കടമകളും പ്രവർത്തനങ്ങളും

കമ്മിറ്റിയുടെ ശുപാർശകളും അതിനുശേഷം പുറപ്പെടുവിച്ച രാഷ്ട്രപതി ഉത്തരവും അനുസരിച്ച് ശാസ്ത്ര-സാങ്കേതിക പദാവലി കമ്മീഷന്റെ (ഇനി മുതൽ കമ്മീഷൻ അല്ലെങ്കിൽ സി എസ് ടി ടി എന്ന് പ്രയോഗിക്കും), നിലവിലുള്ള ചുമതലകളും പ്രവർത്തനങ്ങളും ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു:

 (എ) ഹിന്ദിയിലും എല്ലാ ഇന്ത്യൻ ഭാഷകളിലും ശാസ്ത്രീയവും സാങ്കേതികവുമായ പദങ്ങൾ ആവിഷ്കരിക്കുകയും നിർവചിക്കുകയും സാങ്കേതിക ഗ്ലോസറികൾ, നിർവചന നിഘണ്ടുക്കൾ, വിജ്ഞാനകോശം തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുക.
 (ബി) രൂപപ്പെടുത്തിയ സംജ്ഞകളും അവയുടെ നിർവചനങ്ങളും വിദ്യാർത്ഥികൾ, അധ്യാപകർ, പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കുക.
 (സി) ഫീഡ്‌ബാക്ക് നേടിക്കൊണ്ട് (വർക്ക്‌ഷോപ്പുകൾ / പരിശീലന പരിപാടികൾ / ഓറിയന്റേഷൻ പ്രോഗ്രാമുകൾ / സെമിനാറുകൾ എന്നിവയിലൂടെ) പദകോശത്തിന്റെ കാര്യക്ഷമത / ആവശ്യമായ അപ്‌ഡേറ്റ് / തിരുത്തൽ / മെച്ചപ്പെടുത്തൽ എന്നിവ ഉറപ്പുവരുത്തുക.
 (ഡി) ശാസ്ത്രീയവും സാങ്കേതികവുമായ വിഷയങ്ങളിൽ സെമിനാറുകൾ / കോൺഫറൻസുകൾ / സിമ്പോസിയങ്ങൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും സാങ്കേതിക രചനകളെ പ്രോത്സാഹിപ്പിക്കുക.
 (ഇ) ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും പദങ്ങളുടെ ഏകത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളുമായി ഏകോപനം ഉണ്ടാക്കുക. (സംസ്ഥാന സർക്കാർ / ഗ്രാന്റ് അക്കാദമികൾ / യൂണിവേഴ്സിറ്റി സെല്ലുകൾ / ഗ്ലോസറി ക്ലബ്ബുകൾ അല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി)
 (എഫ്) സംസ്ഥാന സർക്കാർ / ഗ്രാന്റ് അക്കാദമികൾ / യൂണിവേഴ്സിറ്റി സെല്ലുകൾ / ഗ്ലോസറി ക്ലബ്ബുകൾ അല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും സാങ്കെതികപദങ്ങളുടെ ഏകത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളുമായി ഏകോപിപ്പിക്കുക.
 (എച്ച്) കമ്മീഷൻ ആവിഷ്കരിച്ച മാനകസാങ്കേതികപദങ്ങളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിന് ഹിന്ദി, ഇന്ത്യൻ ഭാഷകളിൽ പുസ്തകങ്ങളും മാസികകളും ജേണലുകളും പ്രസിദ്ധീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

 

മലയാളത്തിൽ പല സന്ദർഭങ്ങളിലായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സി എസ് ടി ടി പദ്ധതിപ്രകാരം സാങ്കേതികപദാവലികളും പുസ്തകങ്ങളും നിർമ്മിച്ചുവരുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിനുശേഷം കാര്യമായ പുരോഗതിയുണ്ടായില്ല. പഴയ പദകോശങ്ങളുടെ പുനഃപ്രസാധനമോ അവയുടെ ആ വിഷയങ്ങളിലെ പുസ്തകനിർമ്മാണങ്ങളിലെ ഉപയോഗമോ പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടില്ല. പിന്നീട് രണ്ടായിരത്തിനുശേഷം ഈ സീരീസിൽ എട്ടുപത്തു നിഘണ്ടുക്കളുണ്ടായതായി. അവയിൽ പലതും വിവാദമാവുകയുമുണ്ടായി.

ശാസ്ത്രസാങ്കേതികപദകോശമുണ്ടാക്കുന്നതുസംബന്ധിച്ച് 1961- ൽ രൂപപ്പെടുത്തിയ നയരേഖ തന്നെയാണ് ഇന്നും കാര്യമായ മാറ്റങ്ങളില്ലാതെ  പിന്തുടരുന്നത്. ഇന്ത്യക്ക് പൊതുവായ ഒരു പാൻ ഇന്ത്യൻ വിജ്ഞാനഭാഷ വികസിപ്പിക്കുക എന്ന അന്നത്തെ ദേശീയതാത്പര്യമാണ് ഇതിനായി സംസ്കൃതത്തെ ഒരു കോർപ്പസ്സായി ഉപയോഗിക്കുക എന്ന തത്വമാണ് അന്നു മുന്നോട്ടുവെച്ചത്. നമ്മുടെ ശാസ്ത്രസാങ്കേതിക പദാവലി സംസ്കൃതബഹളമയമായതിന്റെ ചരിത്രപശ്ചാത്തലമതാണ്. അതല്ലാതെ ഏതോ ഒരു നിമിഷം ഇവിടെ ഒരു മലയാളഭാഷാഭ്രാന്തനു തോന്നിയ ഉൾവിളിയിൽ എല്ലാറ്റിനെയും  മലയാളമാക്കിയതും മലയാളമാക്കുക എന്ന വ്യാജേന സംസ്കൃതമാക്കിയതുമല്ല. പ്രശ്നം ഒരു പൊതു ദേശീയനയത്തിന്റെയും അതിനെ അന്ധമായി പിന്തുടർന്നതിന്റെതുമാണ്. തമിഴൊക്കെ ഈ ദേശീയനയം മൂലയ്ക്കു വച്ച് അവരുടെ തനിവഴി തേടിപ്പോയി ഇതിൽ പിന്നീട് സംഭവിച്ച രണ്ടാമത്തെ അപകടം അവിടെയാണ്. പല ഇന്ത്യൻ ഭാഷകളിലും പലവഴിക്ക് മുക്കിയും മൂളിയും ഈ പ്രവർത്തനം മുന്നോട്ടുപോകുകയും ചിലയിടത്ത് ചത്തുവീഴുകയും ചെയ്തു. ഹിന്ദിയിൽ മാത്രമാണ് കാര്യമായ വർക്ക് നടന്നത്. ഹിന്ദിയായിരുന്നല്ലോ മാസ്റ്റർ മോഡൽ. അപ്പോൾ നമ്മൾ ഔദ്യോഗികഹിന്ദിശബ്ദകോശത്തെ പിന്തുടർന്ന് പദങ്ങളുണ്ടാക്കി. അതിൽത്തന്നെ തനി ഹിന്ദി അംശങ്ങളെ ഒഴിവാക്കി അവിടെ മാച്ചാവാൻ അതിനും കൂടി സംസ്കൃതം കയറ്റി. അപ്പോൾ ഹിന്ദിയേക്കാൾ സംസ്കൃതമായി മാറി.

ഈ നയം കാലാനുസൃതമായി പരിഷ്കരിക്കുകയും നമുക്കൊരു പൊതുസമീപനം മലയാളത്തിനുവേണ്ടി വികസിപ്പിച്ചെടുക്കുകയുംചെയ്യേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക രചനകൾക്കൊരു രീതിശാസ്ത്രവും അതിന് സഹായകമായ വിധം ശാസ്ത്രസാങ്കേതികപദകോശമുണ്ടാക്കുന്നതിന് ഒരു പൊതുമാനദണ്ഡവും രൂപപ്പെടണം. അറുപതു വർഷം പിറകിലുള്ള ഒരു ഭാഷാനയത്തിലല്ല ഇന്നുകാര്യങ്ങൾ മുന്നോട്ടു പോകേണ്ടത്. കാലാനുസൃതമായ നയസമീപനങ്ങളുണ്ടാവുക എന്നത് ഭാഷാസൂത്രണത്തെ സംബന്ധിച്ച് പ്രധാനമാണല്ലോ.

മലയാളത്തിന്റെ ഉപയോഗം കൂടുതൽ വൈജ്ഞാനികമേഖലകളിലേക്കും മലയാളി ജീവിതസന്ദർഭങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിൽ എസ് സി ഇ ആർ ടി തയ്യാറാക്കിയ ശാസ്ത്രപാഠപുസ്തകങ്ങളുടെ മലയാളപരിഭാഷ മുൻനിർത്തി ഈ ദിശയിൽ ഒരു രീതിശാസ്ത്രം വികസിപ്പിക്കുന്നതുസംബന്ധിച്ച ഗൗരവതരമായ ആലോചനകളാണ് പട്ടാമ്പി കോളേജിൽ ഒക്റ്റോബർ 17 18 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ ലക്ഷ്യമാക്കുന്നത്. ഈ ആലോചനകളും പ്രവർത്തനങ്ങളും ഒരു വെബ് പ്രതലത്തിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ആർക്കും എവിടെ നിന്നും ഇടപെടാവുന്ന വിധം ഒരു തുടർപ്രവർത്തനമായി മുന്നോട്ടുകൊണ്ടുപോകുന്ന രീതിയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ മാത്രകയാണ് അവലംബിക്കുന്നത്. ഈ കുറിപ്പ് പ്രാഥമികചർച്ചകളുടെ അടിസ്ഥാനത്തിൽ വിപുലീകരിച്ച് മലയാളപദാവലീ നിർമ്മാണത്തിന്റെ ചരിത്രം കൂടി ഉൾപ്പെടുത്തി ഒരു രേഖയായി ശില്പശാലയിൽ അവതരിപ്പിക്കും.

പ്രാഥമികചർച്ചകൾക്കും ആലോചനകൾക്കുമായി സി എസ് ടി ടി 1961-ൽ തയ്യാറാക്കിയ ഇന്നും പിന്തുടരുന്ന  സാങ്കേതികപദകോശം സംബന്ധിച്ച നയരേഖയും അതിന് അന്ന് എൻ. വി. കൃഷ്ണവാര്യർ തയ്യാറാക്കിയ മലയാളരൂപാന്തരണവും അനുബന്ധമായി താഴെ നൽകുന്നു. ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ചാണു പിന്നീട് കാര്യമായ പ്രവർത്തനങ്ങൾ മലയാളത്തിലുണ്ടായത്, വ്യത്യസ്ത ഭരണവകുപ്പുകളിൽ ഭരണമലയാളനിഘണ്ടുക്കൾ വികസിപ്പിക്കുകയുണ്ടായി. അതിന് പൊതുവായി മുന്നോട്ടുവെച്ച തത്വങ്ങളും  രണ്ടാം അനുബന്ധമായി നൽകുന്നു.

 

അനുബന്ധം ഒന്ന്

Principles for Evolving Terminology

വൈജ്ഞാനിക-സാങ്കേതിക-ശബ്ദാവലികളുടെ നിർമ്മാണത്തിനു
ആധാരമായി വൈജ്ഞാനിക-    സാങ്കേതിക-ശബ്ദാവലി
കമ്മീഷൻ സ്വീകരിച്ചിട്ടുള്ള സിദ്ധാന്തങ്ങൾ

 

  1. 'International terms' should be adopted in their current English forms, as far as possible and transliterated in Hindi and other Indian languages according to their genus. The following should be taken as example of international terms:

    (a). Names of elements and compounds, e.g. Hydrogen, Carbon dioxide, etc;
    (b). Units of weights, measures and physical quantities, e.g. dyne, calorie, ampere, etc;
    (c). Terms based on proper names e.g., Marxism (Karl Marx). Braille (Braille), Boycott (Capt. Boycott), Guillotine (Dr. Guillotine) Gerrymander (Mr. Gerry), Ampere (Mr. Ampere), Fahrenheit scale (Mr. Fahrenheit) etc;
    (d). Binomial nomenclature in such sciences as Botany, Zoology, Geology etc.;
    (e).  g, etc.;,pConstants, e.g.,
    (f). Words like radio, radar, electron, proton, neutron, etc., which have gained practically world-wide usage.
    (g). Numerals, symbols, signs and formulae used in mathematics and other sciences e.g., sin, cos, tan, log etc. (Letters used in mathematical operation should be in Roman or Greek alphabets).


അന്താരാഷ്ട്രീയസംജ്ഞകളെ, കഴിവുള്ളിടത്തോളം, ഇന്ന് നടപ്പുള്ള ഇംഗ്ലീഷ് രൂപത്തിൽ സ്വീകരിക്കേണ്ടതാണ്. ഭാരതീയഭാഷകളുടെ പ്രകൃതത്തിനു അനുയോജ്യമായ വിധത്തിൽ അവയെ ലിപ്യന്തരണം ചെയ്യണം. അന്താരാഷ്ട്രീയസംജ്ഞകളുടെ ഉദാഹരണങ്ങളായി താഴെ ചേർത്തവയെ എടുക്കേണ്ടതാണ്.

          (എ) മുലകങ്ങളുടെയും യൗഗികങ്ങളുടെയും പേരുകൾ.
                  ഉദാഹരണം : ഹൈഡ്രജൻ, കാർബൺ, കാർബൺ ഡൈഓക്സൈഡ് ഇത്യാദി.

          (ബി) തൂക്കങ്ങളുടെയും അളവുകളുടെയും ഭൗതികമാനങ്ങളുടെയും മാത്രകൾ.
                 ഉദാഹരണം : ഡൈൻ, കാലൊറി, ആംപിയർ ഇത്യാദി.

          (സി) വ്യക്തിനാമങ്ങളെ ആസ്പദിച്ചുള്ള സംജ്ഞകൾ.
                   ഉദാഹരണം : ഫാരൻഹൈറ്റ് സ്കെയ്ൽ(ഫാരൻഹൈറ്റ്), വോൾട്ട്മീറ്റർ (വോൾട്ടാ),
                   ആംപിയർ (ആംപിയർ) ഇത്യാദി.

           (ഡി) സസ്യശാസ്ത്രം,  ജന്തുശാസ്ത്രം , ഭൂവിജ്ഞാനം മുതലായ ശാസ്ത്രങ്ങളിൽ നടപ്പുള്ള
                  ദ്വിപദനാമപദ്ധതി.

           (ഇ)  π,g മുതലായ സ്ഥിരാങ്കങ്ങൾ

          (എഫ്) ഏറെക്കുറെ ലോകവ്യാപകമായ പ്രചാരം നേടിയ റേഡിയോ, പെട്രോൾ, റാഡാർ,
                 ഇലക്ട്രോൺ, പ്രോട്ടോൺ മുതലായ പദങ്ങൾ.

            (ജി) ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലും ഉപയോഗിക്കുന്ന സംഖ്യകളും sin, cos, tan, log
                   മുതലായ  പ്രതീകങ്ങളും ചിഹ്നങ്ങളും സൂത്രങ്ങളും . (ഗണിതസംക്രിയകളിൽ ഉപയോഗിക്കുന്ന
                   അക്ഷരങ്ങൾ  റോമൻ-ഗ്രീക്ക് വർണ്ണമാലകളിലുള്ളവ ആയിരിക്കണം.)

 

  1. The symbols will remain in international form written in Roman script, but abbreviations may be written in Nagari and standardised form, specially for common weights and measures, e.g., the symbol 'cm' for centimetre will be used as such in Hindi, but the abbreviation in Nagari may be सें.मी. This will apply to books for children and other popular works only, but in standard works of science and technology, the international symbols only like cm., should be used.

    2. പ്രതീകങ്ങൾ  റോമൻ ലിപിയിൽ അന്താരാഷ്ട്രീയരൂപത്തിൽ എഴുതിയിരിക്കേണ്ടതാണ്, എന്നാൽ സംക്ഷിപതമായി നാഗരിയിൽ (നമ്മെ സംബന്ധിച്ചിടത്തോളം മലയാളലിപിയിൽ ) നിലവാരപ്പെട്ട രൂപത്തിൽ അവ എഴുതാം. സാധാരണ തൂക്കങ്ങളുടെയും അളവുകളുടെയും കാര്യത്തിൽ ഇത് പ്രത്യേകിച്ചു പ്രസക്തമാകുന്നു. ഉദാഹരമണമായി , ഹിന്ദിയിൽ സെൻറ്റിമിറ്റർ എന്നതിനു ‘c.m’. എന്ന പ്രതീകം അതേ വിധം ഉപയോഗിക്കണം. പക്ഷേ അതിന്റെ  സംക്ഷിപ്തരൂപം നാഗരിയിൽ (നമ്മെ സംബന്ധിച്ചിടത്തോളം മലയാലത്തിൽ സെ. മീ.) എന്ന് ആയിരിക്കാവുന്നതാണ്.കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങളിലും ബഹുജനങ്ങൾക്കിടയിൽ പ്രചരിക്കാൻ ഉദ്ദേശിക്കപ്പെട്ട ഗ്രന്ഥങ്ങളിലും മാത്രമേ ഇത്തരം സംക്ഷിപ്തരൂപം ചേർക്കാവൂ. ശാസ്ത്രവും ടെക്നോളജിയും സംബന്ധിച്ച പ്രമാണഗ്രന്ഥങ്ങളിൽ      . പോലെയുള്ള അന്താരാഷ്ട്രീയപ്രതീകങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

 

  1. Letters of Indian scripts may be used in geometrical figures e.g., क, ख, ग or अ़, ब़, स but only letters of Roman and Greek alphabets should be used in trigonometrical relations e.g., sin A, cos B etc.

ഭാരതീയ ലിപിമാലകളുടെ അക്ഷരങ്ങൾ ജ്യാമിതി സംബന്ധിച്ച ചിത്രങ്ങളിൽ ചേർക്കാവുന്നതാണ്.

 


       ഉദാഹരണം :

              

 

          
എന്നാൽ ത്രികോണമിതിസംബന്ധിച്ച    ബന്ധങ്ങളെയും മറ്റും കുറിക്കുവാൻ റോമൻ-ഗ്രീക്ക് വർണ്ണമാലകളിലെ  അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
                ഉദാഹരണം : Sin A, Cos B  ഇത്യാദി.

 

  1. Conceptual terms should generally be translated.

4. സങ്കല്പനകൾ സംബന്ധിച്ച സംജ്ഞകൾ പൊതുവെ തർജ്ജമ ചെയ്യേണ്ടതാണ്.

 

  1. In the selection of Hindi equivalents simplicity, precision of meaning and easy intelligibility should be borne in mind. Obscurantism and purism may be avoided.

5. ഹിന്ദിയിൽ (നമ്മെ സംബന്ധിച്ചിടത്തോളം മലയാളത്തിൽ)സമാനപദങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ  ലാളിത്യം, അർത്ഥക്നുപതി, സംബോധത ഇവ കണക്കിലെടുത്തിരിക്കേണ്ടതാണ്. പരിഷ്കരണവൈമുഖ്യവും വിശുദ്ധിവാദവും ഒഴിവാക്കപ്പെടണം.

  1. The aim should be to achieve maximum possible identity in all Indian languages by selecting terms.


(a). common to as many of the regional languages as possible, and
(b). based on Sanskrit roots.

    6. (എ) കഴിയുന്നിടത്തോളം അധികം ഭാരതീയഭാഷകളിൽ ഒരു പോലെ ഉപയോഗപ്പെടുത്തി വരുന്ന പദങ്ങളും,
        (ബി) സംസ്കൃതധാതുക്കളിൽ നിന്ന് നിഷ്പന്നങ്ങളായ പദങ്ങളും ഉപയോഗിച്ച് എല്ലാ ഭാരതീയഭാഷകളിലും  ശാസ്ത്രീയസംജ്ഞകൾക്കു പരമാവധി ഐകരൂപ്യം കൈവരുത്തുകയാവണം ലക്ഷ്യം.

 

  1. Indigenous terms, which have come into vogue in our languages for certain technical words of common use, as तार for telegraph/telegram, महाद्वीप for continent, डाक for post etc. should be retained

     7. ചില വൈജ്ഞാനികസംജ്ഞകൾക്കു പകരമായി നമ്മുടെ ഭാഷകളിൽ ഇപ്പോൾ പരക്കെ പ്രചരിച്ചു വരുന്ന സ്വദേശീയപദങ്ങൾ നിലനിറുത്തുക തന്നെ വേണം.
          ഉദാഹരണം : (ഹിന്ദിയിൽ ) താർ (ടെലഗ്രാം), മഹാദ്വീപം (കോണ്ടിനൻറ്), പരമാണു (ആറ്റം) ഇത്യാദി.

  1. Such loan words from English, Portuguese, French, etc., as have gained wide currency in Indian languages should be retained e.g., ticket, signal, pension, police, bureau, restaurant, deluxe etc.

8. ഇംഗ്ലീഷ് , പോർട്ടുഗീസ്,  ഫ്രഞ്ചു മുതലായ ഭാഷകളിൽ നിന്ന് കടം എടുത്തവയും ഇൻഡ്യൻ ഭാഷകളിൽ പ്രചുരപ്രചാരം നേടിയവയും ആയ പദങ്ങൾ നില നിർത്തണം.
        ഉദാഹരണം : എൻജിൻ, മെഷീൻ ,ലാവ, മീറ്റർ, ലിറ്റർ, പ്രിസം, ടോർച്ച് ഇത്യാദി.

 

  1. Transliteration of International terms into Devnagari Script- The transliteration of English terms should not be made so complex as to necessitate the introduction of new signs and symbols in the present Devnagari characters. The Devnagari rendering of English terms should aim at maximum approximation to the Standard English pronunciation with such modifications as prevalent amongst the educated circle in India.

9. അന്താരാഷ്ട്രീയസംജ്ഞകളെ ദേവനാഗരിയിൽ ലിപ്യന്തരണം ചെയ്യുന്ന വിധം : എന്നത്തെ ദേവനാഗരി ലിപിയിൽ (നമ്മെ സംബന്ധിച്ചിടത്തോളം മലയാളലിപിയിൽ) പുതിയ ചിഹ്നങ്ങളും സങ്കേതങ്ങളും ഏർപ്പെടുത്തുന്നത് ആവശ്യമാകുന്ന വിധം സങ്കീർണ്ണമാകരുത് ഇംഗ്ലീഷ് പദങ്ങളുടെ ലിപ്യന്തരണം.ഇംഗ്ലീഷ് സംജ്ഞകളെ ലിപ്യന്തരണം ചെയ്യുന്നതിന്റെ ലക്ഷ്യം നിലവാരപ്പെട്ട ഇംഗ്ലീഷ് ഉച്ചാരണത്തോട് ഏറ്റവുമടുത്ത ഉച്ചാരണം സാദ്ധ്യമാക്കുകയായിരിക്കണം.എന്നാൽ ഇൻഡ്യയിൽ അഭ്യസ്തവിദ്യരുടെ ഇടയിൽ പ്രചാരം സിദ്ധിച്ച ഉച്ചാരണസവിശേഷതകൾ വരുത്തുകയും വേണം.

  1. Gender—The International terms adopted in Hindi should be used in the masculine gender, unless there are compelling reasons to the contrary.

10. ലിഗം :  ഹിന്ദിയിൽ സ്വീകരിക്കുന്ന അന്താരാഷ്ട്രീയസംജ്ഞകളെ, മറ്റു വിധത്തിൽ പ്രബലമായ കാരണങ്ങൾ ഇല്ലാത്ത പക്ഷം ,പുല്ലിംഗമായി കണക്കാക്കേണ്ടതാണ്.

Hybrid formation—Hybrid forms in technical terminologies e.g., गारंटित for 'guaranteed', क्ला सिकी for 'classical', कोडकार for 'codifier' etc., are normal and natural linguistic phenomena and such forms may be adopted in practice; keeping in view the requirements for technical terminology, viz., simplicity, utility and precision.
      11. സങ്കരരൂപനിഷ്പാദനം :  അയണീകരണം (അയോണൈസേഷൻ), വോൾട്ടത (വോൾട്ടേജ്), വലയസ്റ്റാൻഡ് (റിങ്ങ് – സ്റ്റാൻഡ്), സാബുനീകാരകം (സാപോനിഫൈയർ) മുതലായ സങ്കരരൂപങ്ങൾ ശാസ്ത്രീയസംജ്ഞകളിൽ സാധാരണവും, സ്വാഭാവികമായ ഒരു ഭാഷാശാസ്ത്രീയപ്രതിഭാസവും ആകുന്നു.
             ശാസ്ത്രീയസംജ്ഞകൽക്ക് അനുപേക്ഷണീയമായ സരളത, പ്രയോജനം, ക്നുപ്തത എന്നീ ഗുണങ്ങളെ മുൻനിർത്തി ഇത്തരം സങ്കരരൂപങ്ങൾ സ്വീകരിക്കാവുന്നതാണ്.

 

Sandhi and Samasa in technical terms—Complex forms of Sandhi may be avoided and in cases of compound words, hyphen may be placed in between the two terms, because this would enable the users to have an easier and quicker grasp of the word structure of the new terms. As regards आदिवृद्धि in Sanskrit-based words, it would be desirable to use आदिवृद्धि in prevalent sanskrit tatsama words e.g., व्यावहारिक, लाक्षणिक etc. but may be avoided in newly coined words.


      12. ശാസ്ത്രീയസംജ്ഞാകളിൽ സന്ധികളും സമാസങ്ങളും : സങ്കീർണ്ണങ്ങളായ സന്ധിരൂപങ്ങൾ ഒഴിവാക്കേണ്ടതാണ്. സമാസങ്ങളിൽ രണ്ടു വാക്കുകളുടെ ഇടയിൽ ഹൈഫൻ എഴുതണം. പുതിയ സംജ്ഞകളുടെ പദഘടന അതിവേഗത്തിൽ ഉൾക്കൊള്ളൻ ഇത് വായനക്കാരെ സഹായിക്കും.സംസ്കൃത ജന്യപദങ്ങളിലെ ആദിവൃദ്ധിയെ സംബന്ധിച്ചിടത്തോളം, നടപ്പുല്ള തൽ സമപദങ്ങളിൽ ഇത് നിലനിർത്തുന്നതു കൊള്ളാം.
        ഉദാഹരണം : വ്യാവഹാരികം, ലാക്ഷണികം, ഇത്യാദി. എന്നാൽ പുതുതായി സൃഷ്ടിക്കുന്ന പദങ്ങളിൽ ആദിവൃദ്ധി ഒഴിവാക്കുക ആണ് നല്ലത്.

 

  1. 13. Halant—Newly adopted terms should be correctly rendered with the use of the 'hal' wherever necessary

       13. ഹലന്തചിഹ്നം : പുതുതായി സ്വീകരിച്ച സംജ്ഞകളിൽ ആവശ്യം അനുസരിച്ച് ഹലന്തചിഹ്നം ഉപയോഗിച്ച് ഉച്ചാരണം സുഗമമാക്കണം. (ഇത് ഹിന്ദിയെ മാത്രം സംബന്ധിക്കുന്ന നിർദ്ദേശമാകുന്നു.)

  1. Use of Pancham Varna—The use of अनुस्वारmay be preferred in place of पंचमवर्णbut in words like 'lens', 'patent', etc., the transliteration should be लेन्स, पेटेन्टand not लेंस, पेटेंटor पेटेण्ट.

                                                                            
       14. പഞ്ചമവർണ്ണം :  പഞ്ചമവർണ്ണങ്ങളുടെ  സ്ഥാനത്ത് അനുസ്വാരം ഉപയോഗിക്കുന്നതാണ് നല്ലത് . എന്നാൽ ലെൻസ്, പേറ്റന്റ് മുതലായ വാക്കുകൾ ലിപ്യന്തരണം ചെയ്യുമ്പോൾ തവർഗ്ഗച്ചില്ല് (ൻ) ഉപയോഗിക്കണം.

അനുബന്ധം രണ്ട്

സംജ്ഞാ മലയാളീകരണം ഭരണഭാഷാവകുപ്പ് മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ
1) ശീർഷകരൂപത്തിൽ വ്യക്തമായ നാമം, ക്രിയ, വിശേഷണം തുടങ്ങിയ വ്യാകരണ സവിശേഷതകൾ മലയാളരൂപത്തിലും ആവതും നിലനിർത്തുക.
ഉദാ:-
cancel (ക്രിയ) - റദ്ദാക്കുക
cancellation (നാമം) - റദ്ദാക്കൽ
bogus (നാമവിശേഷണം ) - വ്യാജ- ('വ്യാജമായ' എന്നു വേണ്ട)

2) നിശ്ചിത ശീർഷകത്തിന് ശിപാർശ ചെയ്യുന്ന സമാനരൂപം പ്രത്യേക സാഹചര്യങ്ങളിലൊഴികെ എല്ലായിടത്തും ഒരേ തരത്തിലായിരിക്കാൻ ശ്രദ്ധിക്കുക.
ഉദാ:-
category - വിഭാഗം
category change - വിഭാഗമാറ്റം (തസ്തികമാറ്റമല്ല)

3) മലയാളിക്ക് സുപരിചിതമായിക്കഴിഞ്ഞിട്ടുള്ള ഇംഗ്ലീഷ് രൂപം മാനക മലയാളലിപിയിൽ എഴുതിയാൽ അത് എല്ലാത്തരത്തിലും സാധുവായ തത്സമംതന്നെ എന്നംഗീകരിക്കുക.
ഉദാ:- Employment Exchange - എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
(തൊഴിൽ വിനിമയ കാര്യാലയം വേണ്ട; അത് സാധാരണക്കാർ ഉപയോഗിക്കാറില്ലല്ലോ. ആരും ഉപയോഗിക്കാത്ത ഒരു പ്രയോഗം മലയാളത്തിന്റെ സമ്പത്തു വർധിപ്പിക്കുകയില്ല.'എക്സ്ചെയ്ൻജ്'എന്ന അതിശുദ്ധി രൂപവും ആവശ്യമില്ല. ശുദ്ധമായ ഇംഗ്ലീഷുച്ചാരണം പ്രതിഫലിപ്പിക്കലല്ലല്ലോ ഭരണഭാഷാ മലയാളീകരണത്തിന്റെ ഉന്നം)
ഉദാ:- Coaching class- കോച്ചിങ് ക്ലാസ് (പരിശീലന ക്ലാസ്, കോച്ചിംഗ് ക്ലാസ് തുടങ്ങിയ രൂപങ്ങൾ വേണ്ട)
ഉദാ:- Certificate - സർട്ടിഫിക്കറ്റ്‌, സാക്ഷ്യപത്രം

4) ഇംഗ്ലീഷിൽനിന്ന് ക്രിയാരൂപങ്ങൾ കടം വാങ്ങുമ്പോൾ ഫോൺ ചെയ്യുക, സെൻഷർ ചെയ്യുക, സസ്‌പെൻഡ് ചെയ്യുക എന്നിങ്ങനെ '----ചെയ്യുക' ചേർത്ത് പ്രയോഗിക്കാവുന്ന മലയാളത്തിന്റെ രീതി പരമാവധി പ്രയോജനപ്പെടുത്തുക. പിന്താങ്ങുക, ചോദ്യം ചെയ്യുക, ത്വരിതപ്പെടുത്തുക തുടങ്ങിയ രൂപങ്ങൾ കൈവാക്കിനുള്ളപ്പോൾ സപ്പോർട്ടു ചെയ്യുക, ക്വസ്ററ്യൻ ചെയ്യുക, എക്സ്പെഡൈറ്റ് ചെയ്യുക എന്നും മറ്റും പ്രയോഗിക്കുകയുമരുത്. കടം വാങ്ങുന്നത് ആവശ്യത്തിനാകാം; ആവശ്യത്തിനേ ആകാവൂ.

5) മാനകലിപിയിൽ എഴുതിക്കാണിക്കാവുന്നതും സമകാലിക മലയാളത്തിൽ പ്രചരിച്ച് കഴിഞ്ഞിട്ടുള്ളവയുമായ രൂപങ്ങളിൽ മാത്രമാണ് ഇംഗ്ലീഷിൽനിന്ന് മലയാളത്തിൽ വന്നുചേരുന്ന തത്സമങ്ങളും തത്ഭവങ്ങളും. ഉദാ:- ഓഫീസ്, സൂപ്രണ്ട്, ബാങ്ക്, ബുക്ക്, കോപ്പി, റോഡ്. ഇവയിലെ പല സ്വര-വ്യഞ്ജന ചിഹ്നങ്ങളും ശുദ്ധമായ ഇംഗ്ലീഷുച്ചാരണത്തെ പ്രതിഫലിപ്പിക്കുന്നില്ല. മൂലപദം ചുരുങ്ങിയിട്ടുമുണ്ട്.

6) ഇംഗ്ലീഷിൽ ദീർഘരൂപങ്ങൾക്ക് സാധാരണമായ ചുരുക്കരൂപങ്ങൾ മലയാളലിപിയിൽ എഴുതിയാൽ മതിയാകും.
ഉദാ:- No-Objection Certificate(NOC)- എൻ.ഒ.സി. Non Liability Certificate(NLC)- എൻ.എൽ .സി. Monthly Narrative Certificate(MNC)- എം.എൻ.സി.

7) സാങ്കേതിക സംജ്ഞാവലിയിലെ ഇംഗ്ലീഷു രൂപങ്ങളുടെ തുടക്കത്തിൽ വലിയ അക്ഷരം എന്തെങ്കിലും പ്രത്യേകാവശ്യം നിറവേറ്റുമ്പോൾ മാത്രമേ വേണ്ടൂ.
ഉദാ:-വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്- Employment Exchange             

തയ്യാറാക്കിയത്: ഡോ. സന്തോഷ് എച്ച്.കെ.              

 

[ Modified: ഞായര്‍, 6 ഒക്‌ടോബർ 2019, 11:29 രാവിലെ ]